➖മേഘങ്ങളിണചേർന്ന്
ഇടിയുടെ നോവിൽ
പ്രസവിച്ചതാണ്
കൂണുകളെ.
മേഘങ്ങളിടയ്ക്ക്
മിന്നിമറഞ്ഞുമ്മ
കൊടുക്കും.
വർഷമായ്
പെയ്തിറങ്ങി
ശാസിക്കും.
ചാറ്റലായ് നനച്ച്
തലോടും.
വിഷം തീണ്ടി
മരിക്കുന്ന
മരക്കൂണുകൾക്കു
കാൻസറിന്റെ
ആകാര ഭംഗിയാണ് .
ചിലപ്പോൾ,
തൊപ്പിവെച്ച
പോലീസുകാരനെ പോലെ.
ചിലപ്പോൾ,
ആഴങ്ങളെത്തേടി
യാത്രയാകുന്ന
മുക്കുവനെ പോലെ .
ചിലപ്പോൾ ,
അച്ചനമ്മമാരായ
മേഘങ്ങളെ പോലെ.
മറ്റുചിലപ്പോൾ ,
ഫ്രഞ്ച് വിപ്ലവത്തിലെ
നിശ്ചല ചരിത്രം പോലെ.
മാർബിൾ കുടീരമോ
ദേവാലയോ പോലെ .
പ്രണയമഴ പെയ്തിറങ്ങിയ
ഇളം മണ്ണിനെ
ഉമ്മ വെക്കാനെത്തിയ
കാമുകിയെ പോലെ.
ചെമ്മരിയാടിൻ
പറ്റങ്ങളെ പോലെ.
മഞ്ഞു മലയോ
എസ്കിമോകളുടെ
വീട് പോലെയോ.
ചിലപ്പോൾ,
തീൻ മേശയിലെ
ചൂടൻ വിഭവമായും
ചിരിക്കാറുണ്ട്
ഖണ്ടിച്ച്ച കൂണുകൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ